Wednesday, December 14, 2011

യാത്രാമൊഴി


കവിത

ശിവശങ്കര്‍ വളാഞ്ചേരി


കോഴിക്കോട് ഗവ.കോളേജ് ഓഫ് ടീച്ചര്‍ എഡ്യുകേഷന്‍ മാഗസിനില്‍

(flowing hearts 2006-07) പ്രസിദ്ധീകരിച്ചത്.


വഴിയമ്പലങ്ങളെ തേടി നാം വന്നെത്തി,

നിത്യഹിതമീ പുണ്യഭൂവില്‍.

ആയിരമായിരം സ്വപ്നങ്ങള്‍ നെയ്തു നാം,

എന്നുമീ തീരത്തെ ധന്യമാക്കി.

ചിന്തകള്‍ കോര്‍ത്തു നാം സുന്ദരമാക്കിയീ

വിണ്ണിലെ നക്ഷത്രസൗധങ്ങളെ..

രാവിന്റെ ഏകാന്തയാമങ്ങളില്‍നിന്നു

പുത്തനുഷസ്സിനെ സ്വീകരിച്ചു.

പൊന്നിന്‍ തളികയില്‍ നീ നീട്ടിനിന്നൊരു

സ്നേഹവാത്സല്യങ്ങള്‍ നോക്കിനിന്നു.

സംഗീതസാന്ദ്രമായ് നിന്നാത്മഗീതങ്ങള്‍

എന്‍മനതാരിനെ തൊട്ടുണര്‍ത്തി.

പാലൊളിച്ചന്ദ്രിക ചാലിച്ചുനിന്നൊരീ

മണ്ണിന്‍ മരതകക്കൂട്ടിലെന്നും,

എന്തിനോ ദാഹിച്ചു മോഹിച്ചുനിന്നു നാം

കാണാത്ത തീരങ്ങള്‍ കാത്തുനിന്നു..

കൂടുവിട്ടോടുവാന്‍ നേരമായ് സോദരീ

വേറിട്ട ലോകങ്ങള്‍ കാണുവാനായ്..

എന്നനുജത്തി നീ നല്‍കിയ സാന്ത്വനം

ജീവിതയാത്രയില്‍ കൂടെ നില്‍ക്കും

ഓര്‍മ്മകള്‍ മായാതെ നില്‍ക്കട്ടെ നിന്നുടെ

മോഹങ്ങള്‍ യാഥാര്‍ത്ഥ്യമായിടട്ടെ..

നേരുന്നു നന്‍മകള്‍.............

വാക്കുകള്‍ ഗദ്ഗദമായിടുന്നു....

No comments:

Post a Comment